പറവൂർ: കടം കൊടുത്ത ലോട്ടറി ടിക്കറ്റിന്റെ പണം ചോദിച്ചതിലുള്ള വിരോധത്താൽ ടിക്കറ്റ് വിൽപനക്കാരനെ കത്രിക കൊണ്ടു കുത്തി പരിക്കേൽപ്പിച്ചു. ചേന്ദമംഗലം തെക്കുംപുറം പോട്ടശേരി സുമേഷിനാണു (49) കുത്തേറ്റത്. മുടിവെട്ട് തൊഴിലാളിയായ ചേന്ദമംഗലം സ്വദേശി രാജേഷിനെതിരെ വടക്കേക്കര പോലീസ് കേസെടുത്തു. രാജേഷ് ഒളിവിലാണ്.
പലതവണയായി ലോട്ടറി ടിക്കറ്റ് എടുത്തതിന്റെ ഉൾപ്പെടെ 3,300 രൂപ രാജേഷ്, സുമേഷിന് കൊടുക്കാനുണ്ടായിരുന്നു. ചൊവ്വാഴ്ച വൈകുന്നേരം 3.45ന് രാജേഷിന്റെ വീടിന് സമീപത്തുവച്ചു സുമേഷ് പണം ആവശ്യപ്പെട്ടു. ഇതിന്റെ വിരോധത്താൽ രാജേഷ് വീട്ടിൽ നിന്നു കത്രിക എടുത്തുകൊണ്ടുവന്നു സുമേഷിന്റെ നെഞ്ചിൽ കുത്തുകയായിരുന്നു. കുത്തേറ്റു താഴെ വീണ സുമേഷിന്റെ പുറത്തും രാജേഷ് കുത്തി പരിക്കേൽപ്പിച്ചു. സുമേഷിനെ ആദ്യം താലൂക്ക് ആശുപത്രിയിലും പിന്നീട് എറണാകുളം മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല. ചികിത്സയ്ക്ക് ശേഷം സുമേഷ് വീട്ടിലേക്ക് മടങ്ങി.